അയോദ്ധ്യാ വിധി വന്ന ദിവസം അതുസംബന്ധിച്ച് ആദ്യം ലഭിക്കുന്ന പ്രതികരണം ഒരു സുഹൃത്തിന്റെ എസ്.എം.എസ് ആണ്. 'അയോദ്ധ്യാവിധി, ചരിത്രപരമായ തമാശ' എന്നതായിരുന്നു അതിന്റെ ഉള്ളടക്കം. വിധിയെക്കുറിച്ച് ഏറെ പ്രതികരണങ്ങള്‍ നടന്നു കഴിഞ്ഞിട്ടും ഇപ്പോഴും ആ എസ്.എം.എസ് വളരെ പ്രക്തമായി തോന്നുന്നു. അയോധ്യാ വിധി ഒരു കറുത്ത തമാശ തന്നെ.അയോദ്ധ്യ വിധി നമുക്ക് തരുന്നത് ഉത്തരങ്ങളേക്കാള്‍ എറെ ചോദ്യങ്ങളാണ്. വിധിയെ അനുകൂലിച്ചും വിയോജിച്ചും വിലയിരുത്തിയും വിവിധ കോണുകളില്‍ നിന്നും വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമാധാനപൂര്‍ണ്ണമായ സാമൂഹ്യാന്തരീക്ഷം കൊണ്ടു വരുന്നതിന് വിധി സഹായിച്ചു എന്നതാണ് വിധിയെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. വിമര്‍കരുടെ പ്രധാന വാദം, നിയമത്തിനു മേല്‍ വിശ്വാസത്തിനു മേല്‍ക്കൈ അനുവദിച്ച ജാതി പഞ്ചായത്ത് മാതൃകയിലുള്ള ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥയാണ് വിധിയുടെ രൂപത്തില്‍ പുറത്തു വന്നത് എന്നായിരുന്നു. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ 'വിശ്വാസം' ഏതളവുവരെ പരിഗണിക്കപ്പെടാം എന്നതിനെക്കുറിച്ചു മറ്റു പല വിധികളും പരിശോധിച്ചു കൊണ്ടുള്ള ചര്‍ച്ചകളും അരങ്ങേറി. പൂര്‍ണ്ണമായും നിയമത്തിന്റെ കണ്ണിലൂടെ നോക്കിയാല്‍ , നീതി നിഷേധിക്കുകയാണ് വിധി ചെയ്തിരിക്കുന്നത് എന്ന കാഴ്ചപ്പാടുകളും ഉണ്ടായിട്ടുണ്ട്. എന്തായാലും യുക്തിയുടെയും മാനവിക സ്നേഹത്തിന്റെയും സൂചനയായി വിധിയെയോ, അതിനെ സമൂഹം സ്വീകരിച്ച രീതിയേയോ ആരും വിലയിരുത്തി കണ്ടില്ല.
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമൂഹം നിയമവും തെളിവുകളും നീതിയും യുക്തിയും അടിസ്ഥാനമാക്കിയുള്ള ഒരു വിധി സ്വീകരിക്കാന്‍ പാകപ്പെട്ടിട്ടില്ല എന്നതാണ് വിധി നല്‍കുന്ന പാഠം. ഒരു സമൂഹമെന്ന നിലയില്‍ നാം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ സൂചനകൂടിയാണിത്. ഒപ്പം നമ്മുടെ ജനാധിപത്യ സംവിധാനം എത്ര ദുര്‍ബ്ബലമാണ് എന്ന് സ്വയം വിലയിരുത്തുന്നതിനുള്ള അവസരവും.
ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിന്റെ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകുന്ന വസ്തുതയാണ് ഇത് രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ച് മനപൂര്‍വ്വം സൃഷ്ടിച്ചെടുത്ത തര്‍ക്കമാണ് എന്നത്. മതപരം എന്നതിനേക്കാള്‍ രാഷ്ട്രീയമാണ് വിഷയം. കോടതി പരിഗണിച്ചു എന്ന് പറയുന്ന വിശ്വാസം പോലും ചുരുങ്ങിയ കാലത്തിനുള്ളില്‍ നിര്‍മ്മിച്ചെടുത്തതാണ്. രാമജന്മഭൂമി എന്ന പേരില്‍ അയോദ്ധ്യയില്‍ തന്നെ നൂറോളം ക്ഷേത്രങ്ങളുണ്ട്. തര്‍ക്കസ്ഥലത്ത് തന്നെ ക്ഷേത്രം വരുന്നത് 'മറ്റ് രാമജന്മഭൂമികളിലെ' വരുമാനം കൊണ്ട് ജീവിക്കുന്നവരുടെ താത്പര്യത്തിന് വിരുദ്ധവുമാണ്. പറഞ്ഞു വരുന്നത് ഇവിടെ യഥാര്‍ത്ഥത്തില്‍ പരിഗണിച്ചിരിക്കുന്നത് വിശ്വാസം പോലുമല്ല. അടിസ്ഥാനപരമായി ഭയത്തില്‍ നിന്നും രൂപപ്പെട്ട ഒരു വിധിയാണിത്. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ ഒരു വിധി വന്നിരുന്നെങ്കില്‍ സംഭവിക്കുമായിരുന്ന കലാപത്തെക്കുറിച്ചുള്ള ഭയം. വര്‍ഗ്ഗിയ ഫാസിസ്റ്റുകളുടെ പ്രതികരണത്തെക്കുറിച്ചുള്ള ഭയം. സമാധാനത്തിന്റെ പേരില്‍ വിധിയെ സ്വാഗതം ചെയ്യുന്നവര്‍ പറയാതെ പറയുന്നതും മറ്റൊന്നല്ല.
വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ മുംബൈയിലെ മുസ്ലീം ചെറുപ്പക്കാരനുമായി സംസാരിച്ചപ്പോഴാണ് എന്ത് കൊണ്ട് സ്വാഗതം ചെയ്യുന്നു എന്ന മനസ്സിലായത്. മസ്ജിദ് തകര്‍ത്തതിനെതുടര്‍ന്ന് നടന്ന ലഹള നേരില്‍ കണ്ടതിന്റെ ഭീതി ഇപ്പോഴും കൊണ്ടു നടക്കുന്ന ഒരു മനസ്സാണ് ഇങ്ങനൊരു വിധിയെ സ്വാഗതം ചെയ്തത്. മസ്ജിദും മന്ദിറുമൊന്നുമല്ല, ജീവനാണ് അതിനേക്കാള്‍ പ്രിയപ്പെട്ടതെന്നാണ് ഇത് നല്‍കുന്ന സൂചന. വിധിയെ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നത് അടിസ്ഥാനപരമായി ഭയമാണ് എന്നും കാണാം. നാം കൊട്ടിഘോഷിക്കുന്ന സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ എവിടെപ്പോയി?
അമ്പലം 'അവിടെത്തന്നെ' നിര്‍മ്മിക്കും (മന്ദിര്‍ വഹീം ബനായേംഗ) എന്നതായിരുന്നു സംഘപരിവാറിന്റെ പ്രധാന മുദ്രാവാക്യം. കോടതി പറഞ്ഞതും അതുതന്നെ, അയോദ്ധ്യയില്‍ തര്‍ക്കഭൂമിയിലെ പള്ളി നിന്നിരുന്ന സ്ഥലത്ത്, അതും പ്രധാന താഴികക്കുടത്തിന് താഴെ, ലക്ഷക്കണക്കിന് വര്‍ഷം മുമ്പ് രാമന്‍ ജനിച്ചുവത്രേ. 'അവിടെത്തന്നെ' ക്ഷേത്രം നിര്‍മ്മിക്കാനുള്ള സൌകര്യമാണ് ഫലത്തില്‍ കോടതി ചെയ്ത് കൊടുത്തത്. അമ്പലം പൊളിച്ചാണ് പള്ളി പണിതതെന്ന കാര്യത്തില്‍ അലഹാബാദ് ഹൈക്കോടതിയ്ക്ക് സംശയമൊന്നുമില്ല. ഇത്തരം നിഗമനങ്ങളിലേക്കെത്താന്‍ പ്രധാനമായും സംഘപരിവാര്‍ പ്രചാരണങ്ങളെയാണ് കോടതി ആശ്രയിച്ചത് എന്ന് വേണം മനസ്സിലാക്കാന്‍ . സംഘപരിവാര്‍ പ്രചാരണങ്ങളെയാണ് ഹിന്ദുവിശ്വാസമായി കോടതി മനസ്സിലാക്കിയത്. ഇതിലൂടെ സംഘപരിവാറിനെ ഹിന്ദു മതത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയാക്കുക എന്ന അപകടം കൂടി കോടതി ചെയ്തിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുകയാണ് സമാധാനത്തിലേക്കുള്ള വഴിയെങ്കില്‍ അതില്‍ അഭിമാനിക്കാന്‍ എന്തുണ്ട്?
കോടതി വിധി പ്രഖ്യാപിക്കേണ്ടിയിരുന്നത് ലഭ്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ആയിരുന്നു. തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് കണ്ടെത്തുക എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള പ്രധാന വിഷയം. ഇക്കാര്യത്തില്‍ കണിശക്കാരായ കൊളോണിയല്‍ ഭരണകൂടം അത്യാവശ്യം ഭംഗിയായിത്തന്നെ ഭൂമിയുടെ ഡോക്യുമെന്റേഷന്‍ തുടങ്ങിവെച്ചത് നമ്മളും തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ 2.7 ഏക്കര്‍ തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം ഒരാഴ്ചകൊണ്ട് നിര്‍ണ്ണയിക്കാവുന്നതേയുള്ളൂ. കൈവശാവകാശത്തെക്കുറിച്ച് തര്‍ക്കം വന്നാല്‍ പരിഹരിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ വ്യക്തവുമാണ്. പത്തോ അമ്പതോ പേജില്‍ തീര്‍ക്കാവുന്ന ഒരു വിധിയാണ് എണ്ണായിരത്തോളം പേജില്‍ വലിച്ച് നീട്ടിയിരിക്കുന്നത്. അതില്‍ത്തന്നെ നല്ലൊരു പങ്ക് പേജ് നീക്കി വച്ചരിക്കുന്നത് വേദോപനിഷത്തുകള്‍ ഉദ്ധരിക്കാന്‍ . മൂന്ന് ജഡ്ജിമാരുടെയും വിധികളില്‍ തന്നെ വൈരുദ്ധ്യങ്ങളും കാണാം. വ്യക്തതയില്ലായ്മ കുതിക്കൂട്ടി വരുത്തിയതാണോ എന്ന് സംശയിക്കാന്‍ ന്യയങ്ങള്‍ ഉണ്ട്.
വിശ്വാസം പരിഗണിച്ച് വിധികള്‍ പുറപ്പെടുവിക്കുന്നത് കോടതികളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കും. കോടതി പരിഗണിച്ചു എന്ന പറയുന്ന 'വിശ്വാസം' തന്നെ ആരുടെ വിശ്വാസമാണ്? ഇതിനിടയില്‍ ബാബറി മസ്ജിദില്‍ ആരാധന നടത്തിയിരുന്നവരുടെ വിശ്വാസത്തിന് എന്ത് സംഭവിച്ചു? പറഞ്ഞു വരുന്നത്, വിശ്വാസം ഒരിക്കലും തീര്‍പ്പില്‍ എത്താന്‍ കഴിയാത്ത ഒരു വിഷയമാണ്. കാരണം അത് വെറും 'വിശാസ'മാണ് എന്നത് തന്നെ. തീര്‍പ്പുകളില്‍ എത്താന്‍ കഴിയുന്ന ഒന്നിനെ വിശ്വാസം എന്ന് പിന്നെയാരും വിളിക്കുകയുമില്ല.
1949ല്‍ അനധികൃതമായി സ്ഥാപിച്ചതാണ് രാമന്റെ വിഗ്രഹം എന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. അങ്ങനെയെങ്കില്‍ അതെടുത്തു മാറ്റാനല്ലെ ആദ്യം ഉത്തരവിടേണ്ടത്. 1992ല്‍ പള്ളി പൊളിച്ചതിനെക്കുറിച്ച് കോടതി നിശ്ശബ്ദത പാലിക്കുന്നു. പള്ളി തകര്‍ക്കപ്പെട്ടില്ലായിരുന്നെങ്കില്‍ അത് പൊളിച്ച് അമ്പലം പണിയാന്‍ കോടതി ഉത്തരവിടുമായിരുന്നോ?
ഒപ്പം ആലോചിക്കേണ്ട വിഷയമാണ് മുസ്ലീം മതനേതൃത്വം ഈ വിധിയെ എങ്ങനെ സ്വീകരിച്ചു എന്നത്. ഒരു വിഭാഗം സുപ്രീം കോടതിയില്‍ അപ്പീലിന് പോകാന്‍ തീരുമാനിച്ചപ്പോള്‍ , ചിലര്‍ തങ്ങള്‍ സമാധാനപ്രേമികള്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ കോടതിവിധിയെ മാനിക്കുന്നു, അപ്പീലിന് പോകുന്ന പ്രശ്നമേയില്ല തുടങ്ങിയ നിലപാടാണ് എടുത്തത്. കോടതി വിധികളോടുള്ള ഈ ബഹുമാനം ഷാബാനു കേസില്‍ നാമെല്ലാം കണ്ടതാണല്ലോ. നബിയുടെ ഉദാഹരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി പ്രതികരണവും വിശ്വാസത്തിന്റെ കാഴ്ചപ്പാടില്‍ നിന്നായിരുന്നു. ജസ്റ്റിസ് ഖാന്റെ കോടതിയ്ക്ക് പുറത്തെ പ്രതികരണവും ഇതേ വഴിയ്ക്കായിരുന്നു. വിശ്വാസമോ അവിശ്വാസമോ മാറ്റിവച്ച് ഒരു പൌരന്‍ എന്ന നിലയില്‍ വസ്തുതാപരമായിട്ടാണ് ഇത്തരം വിഷയങ്ങളെ വിലയിരുത്തേണ്ടത് എന്നതാണ് ഇവരെല്ലാവരും മറന്നത്. ഈ നിലപാട് അവിശ്വാസിക്കും ബാധകമാണെന്ന് കൂട്ടത്തില്‍ പറയട്ടെ.
അലഹാബാദ് ഹൈക്കോടതി വിധി വരുന്നതിന് രണ്ടാഴ്ത മുമ്പ് കര്‍ണ്ണാടക ഹൈക്കോടതി മറ്റൊരു കേസില്‍ പുറപ്പെടുവിച്ച വിധി വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കര്‍ണ്ണാടകയില്‍ അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുടക് ജില്ലയിലെ മടിക്കേരി സ്വദേശി നടരാജുവിനെതിരെ കെ.എച്ച്. ചേതന്‍ എന്ന ബജ്റങ്ങ്ദള്‍ പ്രവര്‍ത്തകന്‍ പോലീസില്‍ സമര്‍പ്പിച്ച പരാതിയാണ് ഹൈക്കോടതി വരെയെത്തിയത്. നടരാജുവിന്റെ പ്രസംഗത്തിലെ ശബരിമലയിലെ പരുന്ത് പറക്കലും, ദിവ്യജ്യോതിയുമടക്കമുള്ള വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മതവികാരത്തെ വൃണപ്പെടുത്തുന്നതാണ് എന്നതായിരുന്നു പരാതി. ഇതേതുടര്‍ന്നുണ്ടായ പോലിസ് നടപടികളെ ചോദ്യം ചെയ്തുകൊണ്ട് നടരാജു കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ നടരാജുവിനെതിരെയുള്ള പോലീസ് നടപടി റദ്ദാക്കിക്കൊണ്ട് കോടതി പുറപ്പെടുവിച്ച ഇരുപത്തിരണ്ട് പേജ് വിധി ന്യായം, അഭിപ്രായ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഓരോ ഇന്ത്യന്‍ പൌരനും ആവേശം പകരുന്നതാണ്. ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തി അന്ധവിശ്വാസങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് പൌരന്റെ ഭരണഘടനാ ബാധ്യതയായാണ് കോടതി നിരീക്ഷിക്കുന്നത്. ഇവിടെ മതവും വിശ്വാസവും എന്താണെന്നും അതെക്കുറിച്ച് മതഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു എന്നതൊന്നും കോടതി പരിഗണിച്ചിട്ടില്ല. അലഹാബാദ് കാര്‍മേഘങ്ങള്‍ക്കിടയിലെ വെള്ളി വെളിച്ചമാണ് കര്‍ണ്ണാടക വിധി.
തര്‍ക്കഭൂമിയില്‍ അമ്പലമോ പള്ളിയോ പൂന്തോട്ടമോ എന്ത് വന്നാലും മതരഹിതരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ലെങ്കിലും പരമോന്നത നീതിപീഠങ്ങള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിക്കുന്നത് നിലനില്‍ക്കുന്ന നിയമങ്ങളും തെളിവുകളുമാണോ അതോ അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങളാണോ എന്നത് മതരഹിതന്റെ കൂടി ആശങ്കയാകേണ്ടതാണ്. കോടതികള്‍ നിയമത്തിന്റെ വഴി വിട്ട് വിശ്വാസത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോള്‍ നഷ്ടമാകുന്നത് നീതിന്യായവ്യവസ്ഥയില്‍ പൌരനുള്ള വിശ്വാസമാണ്. ഇത് നാം ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് വരുത്തുന്ന നഷ്ടം ഭീകരമായിരിക്കും. ശാശ്വത സമാധാനത്തിനുള്ള ഏകവഴിയും 'നീതി' ഉറപ്പാക്കുക എന്നതാണ്.
**************************
No comments:
Post a Comment